ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം


ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളില്‍ പയ്യോര്‍മല എന്നാണ്
ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. പഞ്ചായത്തിന്റെ പല ഭാഗങ്ങളും
കൃഷിയ്ക്ക് ഉപയോഗിക്കാതെ കാട് പിടിച്ചു കിടന്നിരുന്നു. തെങ്ങ്,
കുരുമുളക് തുടങ്ങിയ വാണിജ്യവിളകളും നെല്ലും ആയിരുന്നു
ഇവിടുത്തെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍. ഇന്നത്തെ
ഗവ.യു.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് ഏകദേശം 100
വര്‍ഷം മുമ്പ് ബാസല്‍മിഷന്‍കാരാണ് ആദ്യമായി പേരാമ്പ്രയില്‍ ഒരു
വിദ്യാലയം സ്ഥാപിച്ചത്. 1910-ലാണ് ഇവിടുത്തെ ആദ്യ സര്‍ക്കാര്‍
സ്ഥാപനമായ പോസ്റ്റാഫീസ് ആരംഭിച്ചത്.  ഈ പോസ്റ്റാഫീസില്‍ 1950-
കളില്‍ പ്രസിദ്ധ നാടകകൃത്തും സാഹിത്യകാരനുമായ കെ.ടി.മുഹമ്മദ്
ഗുമസ്തനായി ജോലി ചെയ്തിരുന്നു. ആദ്യകാലഘട്ടത്തില്‍
പേരാമ്പ്രയിലും ഭൂമിയുടെ അവകാശം ചില ജന്മികുടുംബങ്ങളിലും
ദേവസ്വത്തിലും നിക്ഷിപ്തമായിരുന്നു. ഇസ്ലാം മതത്തില്‍പ്പെട്ട
നടുക്കണ്ടി കുടുംബക്കാരൊഴികെ ഭൂവുടമകളെല്ലാം തന്ന
സവര്‍ണ്ണഹിന്ദുക്കളായിരുന്നു. 1938-39 കാലത്താണ് ദേശീയ
പ്രസ്ഥാനത്തിന്റെ അലയൊലികള്‍ പേരാമ്പ്രയിലേക്ക് വ്യാപിച്ചത്.
1939-ല്‍ വി.വി.ഗിരി പേരാമ്പ്ര സന്ദര്‍ശിക്കുകയുണ്ടായി. ഗിരി
പ്രസംഗിച്ച ഗവ.യു.പി.സ്കൂള്‍ മൈതാനം പിന്നീട് ഗിരി മൈതാനം
എന്നറിയപ്പെട്ടു. അക്കാലത്ത് കൂത്താളി മൂപ്പില്‍നായരുടെ വകയായ
വനഭൂമിയില്‍ ഈ പ്രദേശത്തെ കൃഷിക്കാര്‍ പുനംകൃഷി
നടത്തിയിരുന്നു. മൂപ്പില്‍നായര്‍ കുടുംബത്തില്‍ അവകാശികള്‍
ഇല്ലാതായതിനെത്തുടര്‍ന്ന്, വനഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയും,
പുനംകൃഷി നടത്താനുള്ള സൌകര്യം നിഷേധിക്കപ്പെടുകയും
ചെയ്തപ്പോള്‍, അവകാശസമരവുമായി കര്‍ഷകസംഘം രംഗത്തുവന്നു.
അതോടെ കൂത്താളി എസ്റ്റേറ്റ് സമരത്തിൻറെ സിരാകേന്ദ്രമായി
പേരാമ്പ്ര മാറി. അയിത്താചരണത്തിനെതിരെയും പൊതുകുളത്തില്‍
കുളിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള സമരമായിരുന്നു ഈ
പ്രദേശത്ത് നടന്ന സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ
ആദ്യപടി. കല്ലോട് സ്ഥാപിക്കപ്പെട്ട പഞ്ചമസ്കൂളും
ടി.പി.ആര്‍.നമ്പീശന്റെ നേതൃത്വത്തില്‍ പറയജാതിക്കാരെ ഉദ്ധരിക്കാന്‍ 
വേണ്ടി നടത്തിയ ശ്രമങ്ങളും ഈ രംഗത്ത് ശ്രദ്ധേയമായ
മുന്നറ്റങ്ങളായിരുന്നു. 1925-ലാണ് ആദ്യമായി പേരാമ്പ്രയില്‍ ബസ്
ഗതാഗതം ആരംഭിച്ചത്. പേരാമ്പ്രക്കാരനായിരുന്ന

സി.പി.കണ്ണചെട്ട്യാരും, വൈത്തിപട്ടരും ആയിരുന്നു അന്നത്തെ
ബസ്സുടമകള്‍. അക്കാലത്ത് ആരോഗ്യരംഗത്ത് ശിവരാമകൃഷ്ണയ്യര്‍
എന്ന അലോപ്പതി ഡോക്ടറുടെ സേവനം പേരാമ്പ്രക്കാര്‍ക്ക്
ലഭിച്ചിരുന്നു. പേരാമ്പ്രയിലെ ഗോശാലക്കല്‍ താമസിച്ചുകൊണ്ടാണ്
വടക്കുംകൂര്‍ രാജരാജവര്‍മ്മ സംസ്കൃതസാഹിത്യചരിത്രം എഴുതിയത്.
എ.ജി.കെ.നായരുടെ മാതാവും ഒരു സംസ്കൃതപണ്ഡിതയായിരുന്നു.
പേരാമ്പ്രയിലും പരിസരത്തുമുണ്ടായ സ്കൂളുകളുടെ വ്യാപനവും
1948 മുതല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടാന്‍ കൈവന്ന
സൌകര്യവും വിദ്യാഭ്യാസരംഗത്ത് ഒരു കുതിച്ചുചാട്ടം തന്ന ഉണ്ടാക്കി.
1957 മുതല്‍ നടപ്പിലായിത്തുടങ്ങിയ ഭൂപരിഷ്കരണങ്ങള്‍
ദരിദ്രകൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും
ജീവിതനിലവാരത്തിലും സാമൂഹ്യരംഗത്തും വമ്പിച്ച മാറ്റമുണ്ടാക്കി.
പാട്ടവ്യവസ്ഥ നിര്‍ത്തലാക്കിയതും കുടികിടപ്പവകാശസ്ഥാപനവും
ഗ്രാമപ്രദേശത്തെ പിന്നോക്കവിഭാഗങ്ങളില്‍ പുത്തനുണര്‍ണവ്വ് പകര്‍ന്നു.
പിന്നാക്കവിഭാഗങ്ങളും, സ്ത്രീകളും വിദ്യാഭ്യാസം നേടാന്‍ മുന്നാട്ടു
വന്നുതുടങ്ങി. കിഴക്കന്‍ മലയോരത്തേക്ക് മധ്യതിരുവിതാംകൂറില്‍
നിന്നുണ്ടായ കുടിയേറ്റം പേരാമ്പ്രയെ ഒരു വാണിജ്യകേന്ദ്രമാക്കി മാറ്റി.
ഞായറാഴ്ചകളില്‍ ഇവിടെ നടക്കുന്ന ചന്ത കോഴിക്കോട് ജില്ലയിലെ
ഏറ്റവും വലിയ ആഴ്ചചന്തയാണ്. 1920 കാലഘട്ടത്തില്‍
ചീക്കിലോട്ടമ്മതിന്റെ ഓടിട്ട പീടികയടക്കം നാലഞ്ചു കച്ചവട
പീടികകള്‍  മാത്രമുണ്ടായിരുന്ന പേരാമ്പ്ര അതിവേഗം മലഞ്ചരക്കു
വിപണനകേന്ദ്രമായി മാറി. എങ്കിലും വ്യാവസായികമായി ഈ
പഞ്ചായത്തിന്റെ അവസ്ഥ ഇന്നും വളരെ പിന്നാക്കമാണ്.
പരമ്പരാഗത വ്യവസായമേഖലയില്‍ പ്രധാനപ്പെട്ടത് കൈത്തറിയാണ്.
ആദ്യകാലത്ത് കയര്‍, ചകിരിനാര് എന്നിവ പൊതുമാര്‍ക്കറ്റില്‍
കൊണ്ടുപോയി വിറ്റിരുന്നു.


വിദ്യാഭ്യാസചരിത്രം


വിദ്യാഭ്യാസതല്‍പ്പരരായ നാട്ടുകാരുടെ ശ്രമങ്ങളും
ബാസല്‍മിഷനെപ്പോലുള്ള വിദ്യാഭ്യാസ ഏജന്‍സികളുടെ
പ്രവര്‍ത്തനങ്ങളും പേരാമ്പ്രയുടെ വിദ്യാഭ്യാസപുരോഗതിക്ക്
ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. ബാസല്‍മിഷന്റെ കീഴില്‍
പ്രവര്‍ത്തനമാരംഭിച്ച ബോര്‍ഡ് സ്കൂളായിരുന്നു പേരാമ്പ്രയിലെ
ആദ്യവിദ്യാലയം. മന്ദഗതിയിലായിരുന്ന പേരാമ്പ്രയിലെ
വിദ്യാഭ്യാസരംഗം സജീവമാക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചവരുടെ
മുന്‍നിരയില്‍ സ്വതന്ത്ര്യസമരസേനാനിയായ കെ.ടി.കുഞ്ഞിരാമന്‍നായര്‍,
ഹയര്‍ എലിമെന്ററിസ്കൂള്‍ ഹെഡ്മാസ്റ്റ്ററായിരുന്ന കുഞ്ഞിരാമന്‍

എഴുത്തച്ഛന്‍, പേരാമ്പ്ര ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന
കെ.ആര്‍.കേരളവര്‍മ്മ എന്നിവരുണ്ടായിരുന്നു. മദ്രസ്സാ
വിദ്യാഭ്യാസത്തില്‍ മാത്രം വിദ്യയെ കണ്ടെത്തിയിരുന്ന പേരാമ്പ്രയിലെ
മുസ്ലീംസമൂഹത്തിനു ആധുനിക വിദ്യാഭ്യാസത്തിന്റെ കൈത്തിരി
കത്തിച്ചുനല്‍കിയത് മലപ്പുറത്തുനിന്നും പേരാമ്പ്രയില്‍ താമസമാക്കിയ
സൈതാലിക്കുട്ടി മൌലവിയുടെ പ്രവര്‍ത്തനങ്ങളായിരുന്നു.
അദ്ദേഹത്തിന്റെ സംഭാവനയാണ് നുസ്റത്തുല്‍ ഇസ്ളാം മദ്രസ്സ
എല്‍.പി.സ്കൂള്‍ (ഇന്നത്തെ എന്‍.ഐ.എം.എല്‍.പി.എസ്).
ഹരിജനങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍
പേരാമ്പ്രയില്‍ സ്വാതന്ത്ര്യലബ്ധിക്കും വളരെ മുന്‍പു തന്ന
തുടങ്ങിയിരുന്നു. ഹരിജനങ്ങള്‍ക്കായി സ്ഥാപിച്ച കല്ലോടുള്ള
പഞ്ചമസ്കൂള്‍ (ഇന്നത്ത കല്ലോട് എ.എല്‍.പി.എസ്) ഈ ശ്രമത്തിന്റെ
ഭാഗമായിരുന്നു. സാംബവരുടെ വിദ്യാഭ്യാസപരമായ
ഉന്നമനത്തിനുവേണ്ടി കൊയിലാണ്ടി താലൂക്കില്‍ സ്ഥാപിച്ച
ആദ്യവിദ്യാലയമായിരുന്നു പേരാമ്പ്രയിലെ ഗവണ്‍മെന്റ് ഹരിജന്‍
വെല്‍ഫെയര്‍ സ്കൂള്‍. സ്വന്തം സമുദായക്കാരുടെ
വിദ്യാഭ്യാസപുരോഗതിക്കു വേണ്ടി പ്രസ്തുത സ്കൂള്‍
സ്ഥാപിക്കുന്നതില്‍ ചാത്തന്‍ വൈദ്യരും മകന്‍ ഗോപാലനും നടത്തിയ
പരിശ്രമം എടുത്തുപറയേണ്ടതുണ്ട്. 1948 ജൂണ്‍ മാസം നാലാം തിയതി
സ്വാതന്ത്ര്യസമര സേനാനി സി.കെ.ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം
ചെയ്ത പേരാമ്പ്ര ഹൈസ്കൂള്‍ ആണ് ഈ പഞ്ചായത്തിലെ പതിനഞ്ചു
വിദ്യാലയങ്ങളുടെ കേന്ദ്രബിന്ദു. 1948 മുതല്‍ ഹൈസ്കൂള്‍
വിദ്യാഭ്യാസം നേടാന്‍ കൈവന്ന സൌകര്യവും വിദ്യാഭ്യാസരംഗത്ത്
ഒരു കുതിച്ചുചാട്ടം തന്ന ഉണ്ടാക്കി.
സാംസ്കാരികചരിത്രം
മറ്റേതൊരു പ്രദേശത്തെയുംപോലെ പേരാമ്പ്രയിലും
കലാപ്രവര്‍ത്തനങ്ങള്‍ ആദ്യകാലത്ത് നടന്നിരുന്നത്
ക്ഷേത്രങ്ങളോടനുബന്ധിച്ചായിരുന്നു. ക്ഷേത്രകലകളെല്ലാം തന്ന
പരമ്പരാഗതമായി മുതിര്‍ന്ന തലമുറയില്‍ നിന്നും അടുത്ത
തലമുറയിലേക്കു കൈമാറുന്ന രീതിയാണുണ്ടായിരുന്നത്.
ഉത്സവങ്ങളോടനുബന്ധിച്ച് വ്യത്യസ്ത ജാതിക്കാര്‍ പ്രത്യേകം പ്രത്യേകം
കലാരൂപങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഹരിജനങ്ങളുടെ കുതിരക്കോലം,
മലയന്‍കളി, ആശാരിക്കളി എന്നിവ ഇതിനുദാഹരണങ്ങളാണ്.
കര്‍ക്കിടക മാസത്തില്‍ വീടുകള്‍തോറും ഭഗവതിപ്പാട്ടു നടത്തുന്ന
സമ്പ്രദായം ഇപ്പോഴും പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍
തുടരുന്നുണ്ട്. മിഥുന മാസത്തിന്റെ അവസാന ദിവസം കലിയന്

കൊടുക്കുക എന്ന ചടങ്ങ് കാര്‍ഷികവിഭവങ്ങളുടെ വര്‍ദ്ധനവിനായി
ആചരിച്ചിരുന്നു. കാര്‍ഷികവൃത്തിയിലെ പ്രധാന ഘട്ടങ്ങളില്‍ നടത്തുന്ന
ചില പ്രത്യേക ചടങ്ങുകള്‍ കര്‍ഷകരുടെ ഇടയില്‍
സാധാരണമായിരുന്നു. കൊയ്ത്തിനു തൊട്ടുമുമ്പ് ഭക്തിപൂര്‍വ്വം
നടത്തുന്ന ചടങ്ങുകളാണ് കളം പെരുക്കലും, ഇല്ലം നിറയും.
വിഷുനാളില്‍ കണികാണുന്നതും കാളകളെ കുളിപ്പിച്ച് കുറി
തൊടുവിച്ച് വിത്തിറക്കാന്‍ തുടക്കം കുറിക്കുന്നതുമായ ചടങ്ങുകള്‍
സമൂഹത്തില്‍ കൃഷിക്കുണ്ടായിരുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.
വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള പ്രാധാന്യം വിളിച്ചോതുന്നതാണ്
നവരാത്രി ആഘോഷങ്ങള്‍. തെയ്യം, കോല്‍ക്കളി, വടക്കന്‍പാട്ട്,
അമ്പെയ്ത്ത്, മുടിയേറ്റ്, കോലംതുള്ളല്‍, ദഫ്മുട്ട്, നാടന്‍പാട്ടുകള്‍,
തുടിമുട്ട്, പുലിക്കളി, മലയന്‍കളി, സാംബവരുടെ ഇടയിലുള്ള ചില
പാരമ്പര്യകലകള്‍ എന്നിവയായിരുന്നു ഈ പഞ്ചായത്തില്‍
മുമ്പുണ്ടായിരുന്ന പരമ്പരാഗത നാടന്‍കലകള്‍.